Thursday, March 26, 2009

ചിരപരിചിതമാകുന്ന ദുര്‍ഗ്ഗന്ധം

ഹിന്ദുവില്‍ വന്ന സിദ്ധാര്‍ഥ് വരദരാജന്റെ മനോഹരമായ ലേഖനത്തിന് അത്ര നല്ലതല്ലാത്ത ഒരു പരിഭാഷ.

നല്ല പരിഭാഷ സൂരജിന്റെ ഇവിടെ

വരുണ്‍ ഗാന്ധിയുടെ മുസ്ലീമുകള്‍ക്കെതിരായ മുന്‍‌വിധിയില്‍ അധിഷ്ഠിതമായ അസഹിഷ്ണുത ബിജെപിയുടെ ജനിതകസ്വഭാവത്തില്‍ തീവ്രമായി അലിഞ്ഞു ചേര്‍ന്നതാണ്.അതു കൊണ്ടു മാത്രമാണ് അയാളെ പിന്‍‌വലിക്കാന്‍ ആ പാര്‍ട്ടി തയ്യാറാകാത്തത്.

തീവ്രമായ മുസ്ലീ വിരോധം ഇളക്കിവിടുന്ന വിധത്തില്‍ വരുണ്‍ നടത്തിയ പ്രസംഗമോ,അതിനു ശേഷം ആ വിഷലിപ്തഭാഷണത്തെ കുറിച്ച് നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും തികഞ്ഞ ഭീരുവിനെ പോലെ നടത്തിയ ഒളിച്ചോട്ടമോ, ഏതാണ് കൂടുതല്‍ എതിര്‍ക്കപെടേണ്ടത് എന്ന് പറയുക വയ്യ. മുന്‍‌കാലങ്ങളില്‍, ഇ-മീഡിയയുടെ ശാക്തീകരണത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ച് പറയുകയും,പിന്നീട് അത് പുലിവാലാകുമ്പോള്‍ അതേ വാ കൊണ്ട് തന്നെ നിഷേധിക്കുകയും എളുപ്പമായിരുന്നു.ഒന്നുകില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞോ,അല്ലെങ്കില്‍ താന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് പ്രസദ്ധീകരിച്ചതെന്ന് പറഞ്ഞോ അവര്‍ക്ക് രക്ഷപെടാമായിരുന്നു.ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.കുറേ കാലമായി വരുണ്‍ തന്റെ പ്രസംഗത്തിലൂടെ വര്‍ഗ്ഗീയതയുടെ കാളകൂടം ചീറ്റുകയായിരുന്നു.ഇത് തെളിയിക്കാന്‍ ഒന്നല്ല പല ദൃശ്യ-ശ്രവ്യ തെളിവുകള്‍ ലഭ്യമാണ്.

അയാളുടെ ഉന്മാദിതമായ ശരീരരഭാഷയും അംഗവിക്ഷേപങ്ങളും നിരന്തരമായി നടത്തിയ മുസ്ലീങ്ങളെ വെട്ടി കൊല്ലാനുള്ള ജുഗുപ്സാവഹമായ ആഹ്വാനവും വളരെ വ്യക്തമായ രീതിയില്‍ റ്റിവിയില്‍ ലോകം മുഴുവന്‍ കണ്ടതാണ്.“ഇത് വെറും കൈയല്ല(കോണ്‍ഗ്രസിന്റെ),മറിച്ച് താമരയുടെ കൈയ്യാണ്.ഇത് തെരഞ്ഞെടുപ്പിനു ശേഷം മുസ്ലീങ്ങളുടെ കണ്ഠം ഛേദിക്കും“;ഇത് പറയുമ്പോളുള്ള വൃത്തികെട്ട ആംഗ്യം മുസ്ലീമുകള്‍ സുന്നത്തായി നടത്തുന്ന ചേലാകര്‍മ്മത്തെ സൂചിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാവുന്നു.ഇതെല്ലാം നാം കണ്ടു കേട്ടു മനസ്സിലാക്കി.അതു കൊണ്ട് തന്നെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിപ്പിംഗില്‍ കൃത്രിമം നടന്നു എന്ന വാദം കൈക്കില കൂടാതെ എടുത്ത് വാഴചുവട്ടിലിട്ടതും വരുണ്‍ ചട്ടലംഘനം നടത്തിയതായി പ്രഖ്യാപിച്ചതും.

ഇലക്ഷന്‍ കമ്മീഷന്റെ അയോഗ്യനാക്കാതിരിക്കാനായി അയാള്‍ ഏതറ്റം വരെയും പോകും,എന്തു ചെയ്യും.പിലിബിത്തില്‍ മുസ്ലീങ്ങളുടെ തലക്കായി ഉന്മാദനൃത്തം ചവുട്ടിയ വീരന്‍ ദില്ലിയില്‍ താന്‍ വിതുമ്പി പറഞ്ഞത് മുസ്ലീങ്ങള്‍ക്കെതിരേയല്ല മറിച്ച് തെരെഞ്ഞെടുപ്പ് സാധ്യതകള്‍ നശിപ്പിക്കുന്ന “വോട്ട് കട്ടുവാകള്‍ക്ക്” എതിരേ ആണെന്നാണ്.പ്രത്യക്ഷത്തില്‍ തന്നെ അര്‍ത്ഥരഹിതമായ വിശദീകരണം എന്ന് കേട്ടവര്‍ക്കെല്ലാം തോന്നുകയും ചെയ്തു.

കട്ടുവ എന്ന പ്രയോഗം അമേരിക്കയിലെ നിഗര്‍ പ്രയോഗം പോലെ ഒരു വംശീയ അധിക്ഷേപസൂചകമായ വാക്കാണ്.ഒരു ഇലക്ഷന്‍ പ്രസംഗത്തില്‍ പ്രയോഗിക്കപ്പെടാവുന്ന പദത്തെക്കാള്‍ തെരുവ് ഭാഷയായി കരുതപ്പെടുന്ന ഒന്ന്.കരീമുള്ള തുടങ്ങിയ പേരുകള്‍ ഭീതിജനകമെന്ന് പരാമര്‍ശിച്ച്, രാത്രിയില്‍ മുസ്ലിങ്ങളുടെ ദര്‍ശനം തന്നെ ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കുന്നതായി വരുണ്‍ പറയുകയുണ്ടായി.ഒരു ജനാധിപത്യത്തില്‍, അതെത്ര നാമമാത്രമാണെങ്കിലും ശരി,ഇത്തരമൊരു പ്രസംഗം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യേണ്ടതാണ്.ഇത്തരം പ്രസംഗം നടത്തുന്നവര്‍ ആരായലും അവരെ മത്സരിക്കുന്നതില്‍ നിന്ന് ഉടനടി വിലക്കേണ്ടതാണ്.ഇനി അത്തരം നടപടികള്‍ സമയദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമാണെങ്കില്‍,ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ കക്ഷിയുടെ ഭാഗമാണ് അയാളെങ്കില്‍ ഉടന്‍ നടപടിയെടുക്കാനുള്ള ധാര്‍മ്മികവും ജനാധിപത്യപരവുമായ ബാധ്യത ആ കക്ഷിക്കുണ്ട്.

അമേരിക്കയില്‍ വര്‍ഗ്ഗ വിദ്വേഷം വളരെ മൃദുവായി ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്രിമിനലിനെ കുറിച്ചുള്ള ആരോപണം 1988ലെ പ്രസിഡന്റ് ഇലക്ഷനില്‍ മൈക്കല്‍ ഡുക്കാകിസിനെതിരേ റിപ്പബ്ലിക്കന്‍സ് പ്രയോഗിച്ചിരുന്നു. പക്ഷെ ഒരു മുഖ്യധാര കക്ഷിയുടെ സ്ഥാനാര്‍ത്ഥി നിലനില്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരേയുള്ള സാമൂഹ്യസങ്കല്‍പ്പങ്ങളെ തകിടം മറിച്ച്, രണോത്സുകമായ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍,അന്ന് നേരം അസ്തമിക്കും മുന്‍പ് അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കും.പക്ഷെ നാം ഇന്ത്യയിലാണ്,മാത്രമല്ല നടപടി എടുക്കാന്‍ ബാധ്യതപ്പെട്ട കക്ഷി ബിജെപിയുമാണ്.
അവരുടെ മാതൃസംഘടനയുടെ ജനനകാലം മുതലുള്ള മുസ്ലീം വിരുദ്ധമുദ്രാവാക്യങ്ങളുടെ പ്രതിദ്ധ്വനി മാത്രമാണ് വരുണില്‍ നിന്നും പുറപ്പെട്ടതെന്നിരിക്കേ,എന്ത് നടപടിയാണ് നാം ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

മുസ്ലീങ്ങള്‍ വൈദേശികരും ആക്രമണകാരികളുമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ സംഘം എപ്പോഴും ശ്രമിച്ചിരുന്നതായി ജ്യോതിര്‍മയ ശര്‍മ്മ തന്റെ “ഭയപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകള്‍, എം.എസ്.ഗോള്‍വാര്‍ക്കര്‍,ആര്‍ എസ് എസ്,ഇന്ത്യ” എന്ന പുസ്തകത്തില്‍ സംശയയത്തിനിടയില്ലാത്തവണ്ണം തെളിച്ച് പറയുന്നു. മുസ്ലീങ്ങളെ അപൂര്‍ണ്ണരും അസംസ്കൃതരും പൈശാചികരുമായാണ് സര്‍സംഘചാലകന്‍ എപ്പോഴും കണക്കാക്കിയിരുന്നത്.മുസ്ലീങ്ങള്‍ (കൃസ്ത്യാനികളും)കുലധര്‍മ്മം പാലിക്കാത്തവരാണെന്നും രാക്ഷസീയ സ്വഭാവമുള്ളവരാണെന്നും അതിനാല്‍ തന്നെ ഇന്ത്യയോട് കൂറ് ഇല്ലാത്തവരാണെന്നും ഗോള്‍വാര്‍ക്കര്‍ പറയുന്നു.അവര്‍ പുറത്ത് നിന്നു വന്നവരാകുന്നു.അതു കൊണ്ടാണവര്‍ ഇപ്പോഴും തോമസ്,അലി.ഹസന്‍ തുടങ്ങിയ വൈദേശിക നാമങ്ങളില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്.പൂര്‍ണ്ണമായി ഭാരതീയരാകാന്‍ അവര്‍ തയ്യാറാകുമ്പോള്‍ അവര്‍ ഈ നാ‍മങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.അവര്‍ അത് ചെയ്യാതിരുന്നാല്‍ ഹിന്ദുക്കള്‍ എന്ത് പ്രതിക്രിയ ചെയ്യണമെന്നും ഗോള്‍വര്‍ക്കര്‍ പറയുന്നു. “പരശുരാമന്‍ തന്റെ പിതാവിനെ അപമാനിച്ച ക്ഷത്രിയരുടെ രക്തം കൊണ്ട് പിതാവിന്റെ അപമാനിത ചിത്രം മായ്ച്ച പോലെ ഭാരതമാതാവിനെ മേല്‍പ്പറഞ്ഞ രീതിയില്‍ അപമാനിക്കുന്ന വൈദേശികരായ ഇന്നാട്ടിലെ മുസ്ലീമിന്റെയും കൃസ്ത്യാനിയുടെയും ചോര കൊണ്ട് അപമാനം ഹിന്ദുക്കള്‍ മായ്ക്കണം”

ഈ മുസ്ലീം വിരുദ്ധതയും അക്രമവാസനയും സംഘത്തിന്റെ ജന്മവാസനയാണ്.അത് സംഘത്തിന്റെ അടിസ്ഥാന ചിന്തയുടെ ജനിതകഘടകമാണ്.സംഘവുമായി ബന്ധപ്പെടുന്ന ആരെയും വിഷലിപ്തമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിമപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു ജനിതക തകരാറ്.ഈ മുസ്ലീം വിരുദ്ധതയാണ് ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനശില, പലപ്പോഴും നിയമവിധേയമായി പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് അങ്ങനെയല്ല എന്ന് അത് ഭാവിക്കുമെങ്കിലും.പലപ്പോഴും മുഖം‌മൂടി തെന്നി മാറുകയും ഘോരവും ഭീഷണവുമായ യഥാര്‍ത്ഥമുഖം വെളിപ്പെടുകയും ചെയ്യുന്നു. വരുണ്‍ എന്ന പുതുമുഖത്തിന് മാത്രമല്ല വാജ്‌പേയിയെ പോലെയുള്ള തഴക്കം ചെന്നവരിലൂടെ പോലും ചിലപ്പോള്‍ ഈ മുഖം‌മൂടിയുടെ അനാച്ഛാദനം സംഭവിച്ചിട്ടുണ്ട്.2002 ഏപ്രിലില്‍,ഗുജറാത്ത് കൂട്ടക്കൊലക്ക് തൊട്ട് പിന്നാലെ, ഗോവയില്‍ ഒരു ബിജെപി സമ്മേളനത്തില്‍ നടത്തിയ വിഷമഴ തന്നെ അതിന് ഉദാഹരണം““എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ,അവിടെയൊന്നും അവര്‍ മറ്റുള്ളവരോട് ഇഴുകി ചേരുന്നില്ല,മാത്രമല്ല അവര്‍ സമാധാനമാര്‍ഗ്ഗത്തില്‍ തങ്ങളുടെ ആശയപ്രചരണം നടത്തുന്നതിന് പകരം അക്രമത്തിലും ഭീഷണിയിലുമൂടെ തങ്ങളുടെ വിശ്വാസം വളര്‍ത്താനാണ് ശ്രമിക്കുന്നത്”.

പ്രസംഗം വിവാദമായപ്പോള്‍ ഇസ്ലാം തീവ്രവാദികളെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മുസ്ലീം പൊതു സമൂഹത്തെയല്ല ഉദ്ദേശിച്ചതെന്നും അടല്‍ജി അവകാശപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ചില വാക്കുകള്‍ തിരുകി കേറ്റി അദ്ദേഹത്തിന്റെ ഓഫീസ് പ്രസംഗം പുറത്തിറക്കി.“എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ” എന്നതിനു പകരം “എവിടെയൊക്കെ അത്തരം മുസ്ലീങ്ങള്‍ ഉണ്ടോ” എന്നായിരുന്നു പുതിയ പതിപ്പ്.വിവാദം അവിടെ തീര്‍ന്നേനെ.പക്ഷെ തിരുത്തിയ പ്രസംഗമാണ് യഥാര്‍ത്ഥത്തില്‍ താന്‍ ഗോവയില്‍ ചെയ്തത് എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അവകാശപ്പെട്ടത് പ്രശ്നമായി.ഗോവ പ്രസംഗത്തിന്റെ പതിപ്പുമായി എത്തിയ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.ഒടുവില്‍ ഒരു വിധത്തില്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അടല്‍ജിയെ രക്ഷിച്ചെടുത്തു.പക്ഷെ താന്‍ സഭയില്‍ പറഞ്ഞത് ശരിയല്ലായിരുന്നു എന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി തന്റെ റൂളിങ്ങില്‍ സ്പീക്കര്‍ക്ക് വ്യക്തമാക്കേണ്ടി വന്നു.

അങ്ങനെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എന്തായാലും ശരി പലഘട്ടങ്ങളിലും ജനിതകഗുണം ബിജെപിയുടെ കപടമുഖത്തെ കബളിപ്പിച്ച് പലപ്പോഴും പുറത്തു ചാടി.2007 യുപി ഇലക്ഷനില്‍ മുസ്ലീങ്ങളെ വില്ലന്‍‌മാരാക്കി പാര്‍ട്ടി ഒരു സിഡി ഇറക്കി.അതിലെ നായകനായ മാസ്റ്റര്‍ജി,വൈകുന്നതിനു മുന്‍‌പ് ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുന്നു.”നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും,ഈ രാജ്യം ഒരു മുസ്ലീം രാജ്യമാകും.നിങ്ങള്‍ക്ക് കുടുമ വളര്‍ത്താനാവില്ലെന്ന് മാത്രമല്ല താടി വളര്‍ത്തേണ്ടി വരികയും ചെയ്യും”ഒടുവില്‍ ഈ മാസ്റ്റര്‍ജി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സംസ്ക്കാരത്തിന് വന്നെത്തിയവരില്‍ ഒരുവന്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലാണ് കഥ തീരുന്നത് “നിങ്ങള്‍ സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ ഭയക്കുകയും സോഹന്‍ലാല്‍, മോഹന്‍ലാല്‍,ആത്മാറം,രാധാകൃഷ്ണന്‍ എന്നീ പേരുകളില്‍ വിളിക്കപ്പെടാന്‍ സാധിക്കാഠതുമായ ദിനം അകലെയല്ല.എവിടെ തിരിഞ്ഞ് നോക്കിയാലും നിങ്ങള്‍ക്ക് അബ്ബാസിനെയോ നഖ്‌വിയെയോ,റിസ്വിയെയോ മൌലവിയെയോ മാത്രമേ കാണാന്‍ കഴിയൂ”

ഗുരുജി മുതല്‍ അടല്‍ജി വരെ മാസ്റ്റര്‍ജി മുതല്‍ വരുണ്‍ വരെ വാക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം,പക്ഷെ മുസ്ലീങ്ങള്‍ വരുത്തരാണെന്നും ശത്രുക്കളാണെന്നുമുള്ള തോന്നലിന് അറുതിയില്ല.അവരുടെ പേരുകള്‍ ഭീതിജനകമാണെന്നും അവര്‍ ഇന്ത്യയെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചരണത്തിന് അവസാനമില്ല.അതു കൊണ്ട് തന്നെ നിങ്ങളുടെ ഗ്രാമങ്ങളില്‍ ചെന്ന് ഹിന്ദുക്കളോട് ഈ പ്രദേശം പാക്കിസ്ഥാനാകുന്നതിന് മുന്‍പ് രണോത്സുകമായി സംഘടിക്കാനുള്ള വരുണിന്റെ ആഹ്വാനത്തില്‍ പുതുമ ഒന്നും കാണുന്നില്ല.അയാളുടെ വേഷവും ശരീരഭാഷയും ഏതും പോരാത്തതിന് ആ സന്ദേശത്തിന് സംഘവുമായുള്ള ജനിതകബന്ധവും അയാള്‍ എന്താണ് സംസാരിക്കുന്നത് എന്നത് നമ്മെ കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട്.2007 ലെ സിഡി നിര്‍ഭാഗ്യവശാല്‍ ഇലക്ഷന്‍ കമ്മീഷന്‍ കാര്യമായി എടുത്തില്ല.ഏതായാലും ഇത്തവണ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.

ബിജെപി സംഭവങ്ങളുടെ പോക്കില്‍ അസ്വസ്ഥരാണ്.അവര്‍ സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായ ജഗദീഷ് റ്റൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥികളാക്കിയത് ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പിനെ കുറിച്ച് പരാതിപ്പെടുന്നു.കോണ്‍ഗ്രസിന്റെ ആ പ്രവര്‍ത്തി ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.പക്ഷെ അത് ബിജെപിക്കുള്ള ന്യായമാകുന്നില്ല. രണ്ട് തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരി ആകില്ലല്ലോ.കുറ്റക്കാരനെന്ന് വിധിക്കും വരെ നിയമ സംവിധാനം വരുണിന് നിരപരാധി എന്ന പരിരക്ഷ നല്‍കിയേക്കാം.പക്ഷെ ജനാധിപത്യ പ്രക്രിയയിലെ ന്യായന്യാങ്ങള്‍ വ്യത്യസ്ഥമാണ്.വരുണിനെ അപലപിക്കാതിരിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തിരസ്ക്കരിക്കനുമുള്ള ബിജെപിയുടെ വ്യഗ്രത കാണിക്കുന്നത് ഭാവിയിലും വര്‍ഗ്ഗീയ വിദ്വേഷം വോട്ട് തട്ടാനുള്ള അടവായി പ്രയോഗിക്കുന്നതില്‍ ആ പാര്‍ട്ടിക്കുള്ള ഉളിപ്പില്ലായ്മയാണ്.

Sunday, March 08, 2009

പരാജയങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍

ഫിലിപ്പൈന്‍സ്‌കാരിയായ അക്കൌണ്ടന്റ് ചെല്ലക്കിളി കഴിഞ്ഞ കുറേ നാളുകളായി പാക്കിസ്ഥാനില്‍ നടക്കുന്ന ചോരക്കളിയുടെ വാര്‍ത്ത വായിച്ച ഹാങ്ങ് ഓവറിലാണെന്ന് തോന്നുന്നു രാവിലെ തന്നെ ഒരു ചോദ്യവുമായി മുന്നില്‍.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യവസ്ഥകളെയും അവസ്ഥകളെയും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താരതമ്യം ചെയ്താല്‍ എന്ത് തോന്നുന്നു?

പരാജയപ്പെട്ട ജനാധിപത്യം പോലും മതാധിപത്യത്തേക്കാളും എത്രയോ ഭേദമാണെന്ന് തോന്നുന്നു.

സ്റ്റാട്ട്യൂട്ടറി വാണിങ്ങ്:(തപാല്‍ വകുപ്പില്‍ നിന്ന് വരാന്‍ സാധ്യതയുള്ളത്)

ജനാധിപത്യത്തില്‍ ജനത്തിന് എന്തെങ്കിലും വിലയുള്ള ഈ തെരെഞ്ഞെടുപ്പ് കാലത്ത് വിരലില്‍ മഷി പുരളും മുന്‍പ് പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയായ സ്വാത്ത് ഗുജറാത്തിനും കര്‍ണ്ണാടകത്തിനും ഇത്ര സമീപസ്ഥമായതെങ്ങനെ എന്ന് കൂടി ജനം ചിന്തിച്ചാല്‍ ഉറുമ്പ് തിന്ന് തുള വീണ പിങ്ക് ഷഡികളും രക്താര്‍ച്ചിതമായ നാപ്കിനുകളും കൈകാര്യം ചെയുന്നതില്‍ നിന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുകാരെയും കുറിയറുകാരെയും രക്ഷിച്ചേക്കാന്‍ കഴിഞ്ഞേക്കും.....പ്ലീസ്..

Thursday, March 05, 2009

എം‌പിയെ വിധിക്കുമ്പോള്‍

ഇത് എം‌പിമാരുടെ വിചാരണാകാലമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ പുതിയ ഒരു തലത്തില്‍ എത്തിക്കുന്നു.ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുമുണ്ട്.അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും ജനസമക്ഷം വാച്യാര്‍ത്ഥത്തില്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്ന അവസ്ഥ ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളെ നമ്മള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

മറ്റ് പല ചര്‍ച്ചകളുമെന്ന പോലെ ഈ ചര്‍ച്ചയും മോഡറേറ്ററുടെ മുന്‍‌വിധികളില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് ഇത്തരം ചര്‍ച്ചകളുടെ പരിമിതി.പലപ്പോഴും അഗ്രഗണ്യരായ വാര്‍ത്താ അവതാരകരാണ് മോഡറേറ്ററാവുന്നതെങ്കില്‍ കൂടിയും ഈ അവസ്ഥയില്‍ കാര്യമായ മാറ്റം കാണുന്നില്ല.ഇവര്‍ക്ക് പലര്‍ക്കും ഒരു എം‌പിയുടെ പ്രാഥമികധര്‍മ്മങ്ങള്‍ എന്താണെന്ന് ഒരു നിശ്ചയുവുമില്ല എന്ന് തന്നെ പറയേണ്ടി വരും.എക്സിക്യൂട്ടീവിന്റെയും ലജിസ്ലേറ്റീവിന്റെയും അതിര്‍വരകള്‍ ഇവര്‍ക്ക് തീരെ അറിയില്ലെന്നു മാത്രമല്ല എന്താണ് ഒരു തദ്ദേശഭരണകൂടം ചെയ്യേണ്ടത്.എന്താണ് ഒരു എം‌പി ചെയ്യേണ്ടത്,എന്താണ് ഒരു എം.എല്‍.എ ചെയ്യേണ്ടത് എന്നു വ്യവച്ഛേദിക്കാന്‍ പോലും അവര്‍ക്ക് നിശ്ചയമില്ല.

മാധ്യമങ്ങളുടെ എം‌പിയെ സംബന്ധിച്ച മുന്‍‌വിധികള്‍ താഴെ പറയുന്നതാണെന്ന് ഇവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നു.
1. എപ്പോഴും മണ്ഡലത്തില്‍ കറങ്ങുന്ന ഒരുവന്‍. മരണവീടുകളില്‍ നക്രബാഷ്പം പൊഴിച്ചും അല്ലാത്തപ്പോഴെല്ലാം
70 എം‌എം കോളിനോസ് പുഞ്ചിരിയുമായി മണ്ഡലത്തില്‍ ഭ്രമരം ചെയ്യുന്നവന്‍
2.പ്രാദേശിക വികസന പ്രശ്നങ്ങളായ റോഡ് വെട്ടല്‍,കലുങ്ക് പണി,പാലം പണി എന്നിവ നടത്തിക്കുന്നവന്‍
3.എം‌പി ഫണ്ട് മുഴുവന്‍ ചിലവാക്കുന്നവന്‍

ഇതൊന്നും എം‌പിയുടെ ധര്‍മ്മമലെന്നതല്ലേ സത്യം?

ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണ സഭയാണ് ലോക്‍സഭ.പേര് സൂചിപ്പിക്കും പോലെ നിയമനിര്‍മ്മാണം തന്നെയാണ് ആ സഭയുടെ പ്രധാന കര്‍ത്തവ്യവും.രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നയപരമായ പ്രധാനപ്പെട്ട വിഷയങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുക.നിയമനിര്‍മ്മാണത്തിന് കൂടുതല്‍ സമയവും മറ്റു കാര്യങ്ങള്‍ക്ക് ബാക്കി സമയവും എന്ന രീതിയിലാണ് സമയവിനിയോഗം നടക്കേണ്ടത്.സഭ പലപ്പോഴും സമരഭൂമി കൂടി ആകുന്നത് കൊണ്ട് എല്ലായ്പ്പോഴും ഇത് ശരിയാകണമെന്നില്ല.പക്ഷെ ഇന്നും നമ്മുടെ സഭയില്‍ പ്രധാനപ്പെട്ട പല ചര്‍ച്ചകളും നടക്കുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് അടിപിടിയും ജൌളി അനാച്ഛാദനവും റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം എന്നതിനാല്‍ നല്ല ചര്‍ച്ചകളൊന്നും കാര്യമായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നു മാത്രം.

സഭയില്‍ നല്ല അംഗങ്ങളെന്ന് പേരെടുത്തവരൊക്കെയും സഭയില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ച് ആ സ്ഥാനം നേടിയവരാണ്,അല്ലാതെ കലിങ്കിനു പണം അനുവദിച്ചതിനും റോഡിനുള്ള സാങ്കേതിക അനുമതി നേടിയതിന്റെയും പേരില്‍ മികച്ച എം.പി എന്നു പേര് നേടിയവരല്ല.ഇവരില്‍ പല പാര്‍ട്ടിക്കാരുമുണ്ട്.ഫിറോസ് ഗാന്ധി,ഭൂപേഷ് ഗുപ്ത,വാജ്‌പേയി,ഹിരണ്‍ മുഖര്‍ജി,ബനാത്ത്‌വാ‍ല,ഇന്ദ്രജിത്ത് ഗുപ്ത,പി.കെ.വാസുദേവന്‍ നായര്‍,സോമനാഥ് ചാറ്റര്‍ജി,പ്രണബ് മുഖര്‍ജി തുടങ്ങിയ പേരുകള്‍ സഭയുടെ ചരിത്രത്തില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടതാണ്.ഈ ലിസ്റ്റില്‍ പുതിയ കാലത്തെ എം‌പിമാര്‍ അധികമില്ലെന്നത് വേദനപ്പിക്കുന്ന ഒരു നിലവാര തകര്‍ച്ചയാണ്.അത്തരമൊരു തകര്‍ച്ചക്ക് ആദ്യം പറഞ്ഞ മാധ്യമ മുന്‍‌വിധികള്‍ കുറേ എങ്കിലും കാരണമായില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം സ്വന്തം മനസാക്ഷിയേക്കാളും പാര്‍ട്ടിയുടെ തീരുമാനങ്ങളേക്കാളും മാധ്യമങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ട പ്രധാനമാകുന്ന ഒരു സാമൂഹിക കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നത്.

(മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയിട്ടു പോലും ബനാത്ത്‌വാലയെ വരാത്തവാലയെന്ന് വിളിച്ച് കളിയാക്കിയിരുന്നു.അദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ വരാറില്ലത്രേ)

രാജ്യത്തിനു പൊതുവായ ഒരു വികസനനയം രൂപീകരിക്കുന്നതില്‍ എം‌പിമാര്‍ക്ക് വലിയ പങ്കാണുള്ളത്.എന്നാല്‍ പ്രാദേശികമായ വികസനപ്രവരത്തനങ്ങളില്‍ എം‌പി പങ്കാളിയാകണമെന്ന് പറയുന്നത് മഹത്തായ ആ സ്ഥാനത്തെ നിസാരവല്‍കരിക്കലാണ്.പിന്നെ എന്താണ് പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും ജോലി.ഒരു എം.എല്‍ എ പോലും നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രാദേശിക വികസന വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും വേണം.

എന്തിനാണ് എം.പി ഫണ്ട്

എം‌പി ഫണ്ടിന്റെ വിനിയോഗമാണ് എം‌പിയുടെ പ്രവര്‍ത്തനമളക്കാനുള്ള മറ്റൊരു മാനദണ്ഡം.എം‌പി ഫണ്ട് തന്നെ ഒരു തരം അഴിമതിയാണ്.തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ മറക്കാനുപയോഗിക്കുന്ന ഒന്നാന്തരം കണ്‍കെട്ട്.നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണത്തിന് കേന്ദ്രീകൃത ഭരണനേതൃത്വം എങ്ങനെ പാര പണിയുന്നു എന്നതിനുള്ള നല്ല ഉദാഹരണങ്ങളാണ് എം‌പി,എം‌എല്‍‌എ ഫണ്ടുകള്‍.ഫണ്ട് മുഴുവന്‍ വിനിയോഗിക്കാന്‍ ഒരു സെക്രട്ടറി മതി.അത് പക്ഷെ പ്രാദേശികമായ വികസന പരിഗണനകളേക്കാള്‍ മറ്റു പല സങ്കുചിത്വങ്ങളെയും അടിസ്ഥാനപ്പെടുത്തിയാകാം ചിലവഴിക്കപ്പെടുന്നത് എന്ന് മാത്രം.

കുട്ടിക്കൂറാ പൊഡറും പൂശി നേരത്തെ പറഞ്ഞ കോളിനോസ് ചിരിയും നക്രബാഷ്പവും ആയുധങ്ങളാക്കി നടത്തുന്ന അഭ്യാസത്തേക്കാള്‍ പ്രയാസമാണ് ശരിക്കുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം.ബില്ലുകള്‍ പഠിക്കണം,ലൈബ്രറിയില്‍ പോകണം നോട്ട് കുറിക്കണം നന്നായി അവതരിപ്പിക്കണം (ഇങ്ങനെ ആണെങ്കില്‍ ഞാനെന്തിനാ രാഷ്ട്രീയത്തില്‍ കഷ്ടപ്പെടുന്നത്, സിവില്‍ സര്‍വീസിന് കിട്ടുമായിരുന്നല്ലോ ഇത്രയും കഷ്ടപ്പെട്ടാല്‍ എന്നാകും നമ്മുടെ പല യുവനേതാക്കളും കരുതുക).ഇതൊക്കെ കഷ്ടപ്പാടുള്ള പണിയാണ്.മാത്രമല്ല ജനം ഇതൊന്നും അറിയാനും പോകുന്നില്ല.അവര്‍ കുട്ടിക്കൂറാ-കോളിനോസ് പാര്‍ട്ടിയുടെ പിറകേ പോകും.

എന്താണ് ശരിയായ പാര്‍ലമെന്ററി പ്രവര്‍ത്തനം എന്ന അവബോധം ജനത്തിനുണ്ടാക്കേണ്ടത് മാധ്യമങ്ങളാണ്.ട്രയിന്‍ അനുവദിച്ചു കിട്ടാനായി എത്ര തവണ സഭാനടപടികള്‍ സ്തംഭിപ്പിച്ചു നിങ്ങള്‍ എന്ന് ഒരു എം‌പിയോടും ചോദിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ താഴ്ന്നു പോകരുത്.അനുപമയും സിന്ധു സൂര്യകുമാറും മറ്റും ഇത് അറിഞ്ഞിരിക്കണം.എങ്കില്‍ മാത്രമേ മോഡറേടറുടെ പണി അര്‍ത്ഥപൂര്‍ണ്ണമായി ചെയ്യാന്‍ അവര്‍ക്ക് കഴിയൂ.

വാല്‍:
കഴിഞ്ഞ പാരലമെന്റില്‍ ഏറ്റവും കൂടുതല്‍ നിയമ നിര്‍മ്മാണ നടപടികളില്‍ ഭാഗഭാക്കായത് കേരളത്തില്‍ നിന്നുള്ള എം‌പിമാരാണെന്ന് ഇന്ത്യവിഷന്‍.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ പങ്കെടുത്തതും സംസാരിച്ചതും സി.കെ ചന്ദ്രപ്പനാണെന്നും ആ റിപോര്‍ട്ട് പറയുന്നു.ഏറ്റവും കൂടുതല്‍ സ്വകാര്യബില്‍ അവതരിപ്പിക്കതും അദ്ദേഹമാണ്.എന്നിട്ടും ചന്ദ്രപ്പനെ മണ്ഡലത്തില്‍ കാണാനില്ല എന്നതാണ് പ്രധാന വിമര്‍ശനം എന്ന് ഇന്ത്യാവിഷന്റെ തന്നെ മറ്റൊരു പരിപാടിയില്‍ അവര്‍ പറയുന്നു.ദില്ലിക്ക് പറഞ്ഞുവിട്ടയാള്‍ മണ്ഡലത്തില്‍ തന്നെ ചുറ്റിതിരിയണമെന്നത് വല്ലാത്ത ശാഠ്യം തന്നെ.ഇനി എപ്പോഴും കാണാന്‍ വേണ്ടി ജനം തോല്‍പ്പിച്ചു കൂടെ ഇരുത്തുമോ എന്നറിയില്ല.