Monday, December 29, 2008

മോഡിയെ വിശുദ്ധവല്‍ക്കരിക്കുമ്പോള്‍

കഴിഞ്ഞതിന് മുന്‍പത്തെ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു കണ്ണൂര്‍ എം‌പി അബ്ദുള്ളകുട്ടി.ഇന്നലെ മുതല്‍ മനോരമയുടെ ഓണ്‍‌ലൈന്‍ പ്രതികരണക്കാരുടെ കണക്കില്‍ അദ്ദേഹം അതിബുദ്ധിയുള്ള കുട്ടി കൂടിയാണ്.


ഇന്നലെ രാത്രിയിലെ മനോരമ ന്യൂസിലാണ് വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ ബുദ്ധിവികാസം വെളിവാക്കിയത്.ഫാസിസം ഒഴിവാക്കി നിര്‍ത്തിയാല്‍ നരേന്ദ്ര മോഡിയാണ് വികസനകാര്യത്തില്‍ റോള്‍ മോഡല്‍ എന്നായിരുന്നു വെളിപാടിന്റെ ചരണം.കൂടാതെ ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും എതിരേയുള്ള പതിവ് വിമര്‍ശനങ്ങളും.ചുരുക്കി പറഞ്ഞാല്‍ മനോരമ കല്‍പ്പാന്തകാലത്തോളം മുഖപ്രസംഗത്തില്‍ പറഞ്ഞു കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് അടിവരയിടുകയാണ് ഈ അത്ഭുത കുട്ടി.അതിന്റെ വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളെന്തായാലും അര്‍ത്ഥം ഒന്നു മാത്രം- ഇടതുപക്ഷമാണ് വികസന വിരോധികള്‍, അവരാണ് വികസനം തടയുന്നവര്‍.

കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിനെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു വരികയാണ് അബ്ദുള്ളക്കുട്ടി.അതിന്റെ ഭാഗമായി പെരുന്നാളിനുള്ള പരസ്യ നിസ്ക്കാരവും പരസ്യമായ ഉം‌റ നിര്‍വ്വഹണവും മറ്റും നടത്തി.അതിന്റെ പേരില്‍ നടപടിയെടുത്ത് പാടുപെട്ട് അടിച്ചെടുത്ത മുസ്ലീം വോട്ട് കളയാന്‍ പാര്‍ട്ടി തയ്യാറല്ല.അതു കൊണ്ട് മറ്റ് അല്‍ഭുതങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സ്പേസ് കിട്ടി.(അന്ന് അബ്ദുള്ളക്കുട്ടിയെ ഒരു പരിധി വരെ അനുകൂലിച്ച മാധ്യമം പോലുള്ള പത്രങ്ങള്‍ മോഡിയെ വിശുദ്ധീകരിക്കുന്ന ഈ അല്‍ഭുത പ്രവര്‍ത്തിക്ക് എങ്ങനെ സാ‍ക്‍ഷ്യം പറയുമെന്നുള്ളത് രസകരമായ സസ്പെന്‍സ്).ഇതു കൊണ്ടും നടന്നില്ലെങ്കില്‍ പിണറായിയുടെ തന്തക്ക് വിളിക്കുക,പ്രകാശ് കാരാട്ടിനെ തുണി പൊക്കി കാണിക്കുക തുടങ്ങി എന്തെങ്കിലും അല്‍ഭുത പ്രവര്‍ത്തിയിലൂടെ ആ പുറത്താക്കല്‍ അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പാര്‍ട്ടിയെ അദ്ദേഹം എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ഇല്ലെങ്കിലും ജനം അറിയാന്‍ ആഗ്രഹിക്കുന്ന,അബ്ദുള്ളക്കുട്ടി വിശദീകരിക്കേണ്ട ചില സംഗതികളുണ്ട്.

എന്താണ് അദ്ദേഹം വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അത് പുരോഗതിക്ക് പകരം ഉപയോഗിക്കാവുന്ന വാക്കാണോ? ആണെങ്കില്‍, പുരോഗതിയെന്നാല്‍ മെച്ചപ്പെട്ട ഒരു സിവില്‍ സൊസൈറ്റി എന്നു കൂടിയല്ലേ അര്‍ത്ഥം?
അവിടെ നീതിനിര്‍വ്വഹണത്തില്‍ പക്ഷപാതിത്വമുണ്ടാകുമോ?
അവിടെ പോലീസ് ഒരു മതവിഭാഗത്തിന്റെ പരാതികള്‍ ചവിട്ടികൊട്ടയില്‍ തട്ടുമോ?
അവിടെ ഇരയായ സാക്ഷികള്‍ പണത്തിന്റെയും അധികാരത്തിന്റെയും മുഷ്ക്കില്‍ നിശ്ബ്ദരാക്കപ്പെടുമോ?
അവിടെ പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുമോ?
അവിടുത്തെ നീതിനിര്‍വ്വഹണ പ്രക്രിയയില്‍ പരമോന്നതകോടതിക്ക് സംശയമുണ്ടാകുമോ, അതിനാല്‍ പ്രോസിക്യൂഷന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റപ്പെടുമോ?
ഇനി ഇതെല്ലാം സംഭവിച്ചെങ്കില്‍ അത് ഒരു മെച്ചപ്പെട്ട സിവില്‍ സൊസൈറ്റിയാകുമോ?മെച്ചപ്പെട്ട സിവില്‍ സൊസൈറ്റി സൃഷ്ടിക്കാത്ത പുരോഗതിയെയാണോ വികസനം എന്ന് അബ്ദുള്ളക്കുട്ടി കരുതുന്നത്?


ചോദ്യങ്ങള്‍ തീരുന്നില്ല,എന്താണ് അച്ചുതാനന്ദന്‍ മോഡിയില്‍ നിന്നും (കേരളം ഗുജറാത്തില്‍ നിന്നും) പഠിക്കേണ്ടത്? ഫോര്‍ക്കില്‍ ന്യൂഡിത്സ് കൊരുക്കുന്ന ലാഘവത്തില്‍ ഒരു മുസ്ലീം സ്ത്രീയുടെ വയറ്റില്‍ നിന്നും ഭ്രൂണം ത്രിശൂലത്തില്‍ കുത്തിയെടുക്കുന്ന വിദ്യയോ? അതോ ജനസംഖ്യാ നിയന്ത്രണത്തിന് ഉതകുന്ന ജെനോസൈഡിന്റെ പുത്തന്‍ അഭ്യാസങ്ങളോ? അതോ വൃദ്ധനായ ഒരു എം.പിയെയും കുടുംബത്തെയും ജീവനോടെ എരിച്ച മതഭ്രാന്തിന്റെ അപസ്മാര നൃത്തനൃത്യങ്ങളോ?

ഫാസിസം ഒഴിവാക്കിയാല്‍ പിന്നെ എന്ത് മോഡി? അടിമുടി ഫാസിസം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒന്നാണ് മോഡി.അവയില്‍ അബ്ദുള്ളകുട്ടി വിചാരിച്ചാല്‍ തിരുത്തിയെഴുത്തോ പൊളിച്ച് മാറ്റലോ സാധ്യമല്ല.മോഡിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓരോ അവസരത്തിലും ഗുജറാത്ത് എന്ന മാനക്കേട് ചര്‍ച്ച ചെയ്യപ്പെടണം.അത് ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഏല്‍പ്പിച്ച മുറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടേണം.അത്തരം മുറിവായകളില്‍ നിന്നും ഉതിരുന്ന ഗുജറാത്തിയായ ഒരു മഹാവൃദ്ധന്റെ “ഹേ റാം” വിലാപങ്ങള്‍ക്ക് ഇനിയും കാതോര്‍ക്കാന്‍ നാം മറന്ന് പോകരുത്.

ഇപ്പോള്‍ വിശുദ്ധരാക്കുന്ന സീസണാണല്ലോ.സാധാരണ അല്‍ഭുത പ്രവര്‍ത്തികള്‍ കാട്ടുന്നവരെയാണ് വിശുദ്ധരാക്കുന്നത്.മോഡിയെ വിശുദ്ധനാക്കുന്നതില്‍ പരം (ലൂസിഫറിനെ ദൈവമാക്കുന്നതോളം പോന്ന) ഒരു അല്‍ഭുതം ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അത്തരം ഒരു അല്‍ഭുതം പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയെയും അതിന് മാധ്യസ്ഥം പറഞ്ഞ മാത്തുക്കുട്ടിച്ചായനെയും കൂടി മോഡിയോടൊപ്പം വിശുദ്ധരാക്കാണം,കിടക്കട്ടെ ഒരു സര്‍വ്വമത സര്‍വ്വ രാഷ്ട്രീയ സമഭാവന.

ആത്മാവ് നഷ്ടപ്പെട്ട് നാം ഭൌതികമായി എന്ത് നേടിയിട്ട് എന്ത് പ്രയോജനം-(പള്ളിച്ചുമരുകളില്‍ മൂത്രച്ചൂരില്‍ ബോധം കെട്ടു കിടക്കുന്ന ഒരു ബൈബില്‍ വചനം)