Monday, October 13, 2008

സാമ്പത്തിക പ്രതിസന്ധി-കാണാപ്പുറങ്ങള്‍ തേടി

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ലോകം.ജി-8ലെ ഏഴുപേരും ചേര്‍ത്ത് തലയില്‍ സാമ്പ്രാണി കത്തിച്ച് പുകച്ചിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായില്ലത്രേ.

വ്യക്തിപരമായി ഈ തകര്‍ച്ച എന്നില്‍ ഒരു സമയം ആശ്വാസവും ആകുലതയും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.ആകുലതയെ കുറിച്ച് ആദ്യം പറയാം.ഒന്നാമത് ഞാന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അവരുടെ റിസര്‍വുകള്‍ സൂക്ഷിച്ചിരിക്കുന്നത് അമേരിക്കന്‍ സാമ്പത്തിക ഉപകരണങ്ങളിലാണെന്നത് പരക്കെ അറിയപ്പെടുന്നതാണ്.എത്രത്തോളം അവര്‍ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്,അവയില്‍ എത്ര നഷ്ടപ്പെട്ടു കഴിഞ്ഞു എന്നത് മാത്രമാവും രഹസ്യം.മറ്റൊന്ന് പെട്രോളിയം വിലയില്‍ ഉണ്ടായ തകര്‍ച്ചയാണ്.അതും ഈ മേഖലയെ കാര്യമായി ബാധിക്കും.ഏറെ കാലമായി ഉയര്‍ന്നു നില്‍ക്കുകയും കയറി പൊയ്ക്കോണ്ടിരിക്കുകയും ചെയ്യുന്ന പെട്രോള്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ഇവിടുത്തെ നിക്ഷേപവും ധൂര്‍ത്തും ദീവാളി കുളിയും.

ഉദാഹരണത്തിന് വാണം വിട്ട പോലെ പൊയ്ക്കോണ്ടിരുന്ന യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നല്ല തോതില്‍ ഇടിയാന്‍ സാധ്യതയുണ്ട്.പാശ്ചാത്യനിക്ഷേപം കുറഞ്ഞ ഒരു കാലത്തേക്ക് പ്രതീക്ഷിക്കേണ്ട്,എണ്ണ വില തകര്‍ന്നാല്‍ മേഖലയിലെ ലാഭത്തിന്റെ പുനര്‍നിക്ഷേപവും.ഇത് ഒരു പ്രതിസന്ധി ഗള്‍ഫില്‍ സൃഷ്ടിച്ച് കൂടായ്കയില്ല.

ഇത്തരം വ്യാകുലതകള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ ഈ പ്രതിസന്ധി മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ അനിവാര്യമായിരുന്നു.മറ്റ് പലരും വിളിക്കുന്ന പോലെ ഈ പ്രതിസന്ധിയെ കറക്ഷന്‍ എന്ന ഓമന പേരിട്ട് വിളിക്കാന്‍ എനിക്ക് കഴിയുന്നില്ല.

എന്തൊക്കെയാണ് ഈ പ്രതിസന്ധി നല്‍കുന്ന പാഠങ്ങള്‍.

1. വിപണിയുടെ അപരാജിത്വം, കമ്പോളത്തിന്റെ സുതാര്യത,മുതലാളിത്തത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങി ആഡം സ്മിത്ത് മുതല്‍ കെ.വേണു വരെ പുകഴ്ത്തിയ സംഗതികള്‍ വാസ്തവുമായി വലിയ ബന്ധമില്ല എന്ന് തെളിയിക്കപ്പെടുന്നു.

2.കടം വാങ്ങിയും ചിലവാക്കുക എന്ന അമേരിക്കന്‍ സാമ്പത്തിക നീതി എത്ര ക്രൂരമാകാം എന്ന പാഠം.കൈയിലെത്താത്ത പണത്തെ പോലും നമ്മെ കൊണ്ട് ചിലവാക്കിക്കുന്ന (spend tomorrow's earnings today itself) ക്രഡിറ്റ് കാര്‍ഡ് മുതല്‍ പലതരം സാമ്പത്തിക ഉപകരണങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

3.ഉല്‍പ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത ഫിനാന്‍സ് ക്യാപിറ്റലിന്റെ മായാജാലങ്ങള്‍.2006ല്‍ ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 66 ട്രില്യണ്‍ ആയിരിക്കവേ അക്കൊല്ലം നടന്ന ഫിനാന്‍സ് മൂലധനവ്യാപാരം 700 ട്രില്യണ്‍ ആണെന്ന് ഡോ.എം.എ ഉമ്മന്‍ അദ്ദേഹത്തിന്റെ മാധ്യമം ലേഖനത്തില്‍ പറയുന്നു. ഏതാണ്ട് 10-12 ഇരട്ടി.ഉല്‍പ്പാദനാവുമായി യാതൊരു ബന്ധവുമില്ലാതെ ഇങ്ങനെ സൃഷ്ടിക്കുന്ന പണം പുതുതായി യാതൊരു മൂല്യവും സൃഷ്ടിക്കുന്നില്ല.

4. റിസ്ക്ക് എടുത്ത് ഒരു സുരക്ഷിതത്വമില്ലാതെ ലോണ്‍ നല്‍കുക, പിന്നെ ആ ലോണുകള്‍ പുത്തന്‍ പേരുകളില്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രമെന്‍സ് എന്ന് പൊതുവേ പേര്‍)വിപണിയിലെത്തിക്കുക,അവയെ വണ്‍‌കിട ഇന്‍ഷൂറന്‍സുകാര്‍ പരിരക്ഷിക്കുന്നു എന്ന തെറ്റായ ബോധം നിക്ഷേപകരില്‍ ഉളവാ‍ക്കുക,പിന്നെ ക്രഡിറ്റ് റേറ്റിങ്ങ് തുടങ്ങിയ തരികിടകളും (ഓഡിറ്ററുമാരും മോശമല്ല കുപ്രസിദ്ധമായ എന്‍‌റോണ്‍-ആര്‍തര്‍ ആന്‍ഡേഴ്സണ്‍ കേസ് ഓര്‍ക്കുക)ചേര്‍ത്ത് വിപണനം ചെയ്യുക
ഈ സോപ്പു കുമിളയാണ് അഡ്രസില്ലാതെ തകര്‍ന്നു കിടക്കുന്നത്.ഇത്തരം സാമ്പത്തിക ഉപകരണങ്ങള്‍ അങ്ങേയറ്റം വിനാശകരമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇവ നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ട ഊഹകച്ചവടം മാത്രമാണ്.

5.ലോകത്താകമാനം അമേരിക്ക മുതല്‍ ദുബായ് മുതല്‍ കൊച്ചി വരെ നീരാളി കൈകള്‍ വിരിച്ചു നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായം ഊഹകച്ചവടത്താല്‍ പൊലിപ്പിക്കപ്പെട്ട ഒന്നാണെന്ന ബോധവും ഈ പ്രതിസന്ധി നല്‍കി.ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനമൂല്യമോ അതിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡോ ഒന്നുമല്ല, മറിച്ച് കൃതൃമമായി സൃഷ്ടിച്ച ഒരു തരംഗത്തിലാണ് അതിന്റെ നിലനില്‍പ്പ്.അതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തി എടുത്ത ആസ്തികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

6.ഭരണകൂടമാണ്,കമ്പോളമല്ല സമൂഹത്തില്‍ പ്രമാദമായ കടമ നിര്‍വ്വഹിക്കേണ്ടത് എന്ന് സത്യവും ഈ തകര്‍ച്ച നമ്മുക്ക് മനസ്സിലാക്കി തരുന്നു.മൂകസാക്ഷിയുടെ റോളല്ല,മറിച്ച് ഇടപെടാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു ഭരണസംവിധാനം ആവശ്യമാണ്,അതിനെ അപ്രസക്തമാക്കനും വണ്ണം വളരാന്‍ ഒരു കമ്പോളത്തെയും അനുവദിച്ചു കൂടാ.സമൂഹത്തിന്റെ മുന്‍‌ഗണനകള്‍ നിര്‍ണ്ണയിക്കേണ്ടത് ഭരണകൂടമായിരിക്കണം,കമ്പോളമായിരിക്കരുത്.

ഇതോട് കൂടി മുതലാളിത്തം തകര്‍ന്ന് മണ്ണടിയുമെന്നും സോഷ്യലിസം സ്ഥാപിതമാകുമെന്നുമുള്ള മിഥ്യാധാരണകളൊന്നും ആരും വെച്ച് പുലര്‍ത്തുന്നു എന്ന് കരുതുന്നില്ല.എങ്കിലും മുതലാളിത്തത്തിന്റെ ഈ തകര്‍ച്ച പടരാതിരിക്കാന്‍ അമേരിക്കക്ക് പോലും സോഷ്യലിസത്തിന്റെ ബാലപാഠങ്ങളിലേക്ക് മടങ്ങി പോകേണ്ടി വന്നു എന്ന് പരമാര്‍ത്ഥം കാണാതെ പോവുകയും അരുത്.(ഖജനാവില്‍ നിന്ന് നഷ്ടം വെച്ച് കൊടുക്കുന്ന പരിപാടിയെ privatisation of profit and socialisation of losses എന്ന് ജനം പരിഹസിക്കുന്നുവെങ്കിലും)


മെച്ചപ്പെട്ട റെഗുലേറ്ററി സംവിധാനവും അവയ്ക്ക് മുകളില്‍ വ്യക്തമായ ഭരണകൂടനിയന്ത്രണവുമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ സാമ്പത്തിക സ്ഥാ‍പനങ്ങളെ തകര്‍ക്കാന്‍ ഈ കൊടുങ്കാറ്റിന് ആവാതെ പോയത്.ഈ ധാരണ എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതി അവരുടെ ലാഭക്കൊതിക്ക് ഒരു ജനതയെ എറിഞ്ഞ് കൊടുക്കുന്ന മന്‍‌മോഹന്‍-ചിദംബരാദികള്‍ക്ക് അവശ്യം ഉണ്ടാകേണ്ടതാണ്.ബാങ്കുകളെ കണ്‍സോളിഡേറ്റ് ചെയ്ത് അവയെ സ്വകാര്യവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച് നടന്ന ചിദംബരത്തിനാണ് ദേശസാല്‍കൃത ബാങ്കുകളെ കുറിച്ചും അവര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനക്ക് നല്‍കിയ സേവനങ്ങളെ കുറിച്ചും മേനി പറയാന്‍ ഇപ്പോള്‍ അവസരം ലഭിച്ചത് എന്നത് വല്ലാത്ത ഒരു ഐറണിയാവാം.

90കളില്‍ ഐ.എം.എഫിന്റെ തലവന്‍ അന്നത്തെ ധനമന്ത്രിക്ക് ഒരു നോട്ട് നല്‍കിയത്രേ.ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ കാര്യക്ഷമതയില്‍ വളരെ പിന്നോക്കമാണെന്നും അവയുടെ സേവനം മഹാമോശമാണെന്നും അതിനാല്‍ അവ സ്വകാര്യവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും.2007-2008 ഇന്നത്തെ ധനമന്ത്രിക്കും കിട്ടി സമാനമായ ഒരു നോട്ട്.അതില്‍ പറയുന്നു ഇന്ത്യന്‍ പൊതു മേഖലാബാങ്കുകള്‍ വളരെ കാര്യക്ഷമമായി വര്‍ത്തിക്കുന്നതിനാല്‍ അവ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണം എന്ന്. രോഗം എന്തായാലും ചികിത്സ ജലുസിലാദി വടകം