Saturday, October 20, 2007

മനുഷ്യന്‍,മതം,ദൈവം

പലപ്പോഴും ചെവിയില്‍ മുഴങ്ങുന്ന കെ.പി.ഏ.സി യുടെ പഴയ ഒരു അവതരണ ഗാനമുണ്ട്-

ഇരേഴു പതിനാലു ലോകങ്ങള്‍ക്കുമൊരീശ്വരനുണ്ടോ ഇല്ലയോ....

മനുഷ്യന്‍ തന്റെ അസ്തിത്വത്തെകുറിച്ച് ചിന്തിച്ചപ്പോളൊക്കെ ദൈവവും അതില്‍ കഥാപാത്രമായിട്ടുണ്ട്.

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തെക്കാള്‍ മനുഷ്യന് ഒരു ദൈവം ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.അകാശത്തിലല്ല ദൈവമിരിക്കുന്നത്,അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന എന്റെയും നിങ്ങളുടെയും ആകുലതകളിലാണ് ദൈവം.ഗുഹയുടെ മറ്റേ അറ്റത്ത് എവിടെയോ പ്രകാശമുണ്ട് എന്ന പ്രത്യാശയാണ് കടുത്ത ഇരുളിലും ജീവിതത്തെ തപ്പി തടഞ്ഞ് മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.ആ പ്രത്യാശയുടെ ആദ്യകിരണമാണ് വിശ്വസിക്കുക എന്നത്.ആ വിശ്വാസം തന്റെ കഴിവിലാകാം,തന്നെ വിജയിപ്പിക്കുമെന്നു ഒരാള്‍ കരുതുന്ന പ്രത്യയശാസ്ത്രങ്ങളിലാകാം,ഒരു രക്ഷകനിലും ആകാം.പക്ഷെ സ്വയം രക്ഷിക്കാന്‍ തനിക്ക് കഴിയില്ല,പ്രത്യയശാസ്ത്രവും തന്നെ രക്ഷിക്കില്ല എന്നൊരു സന്നിഗ്ദ്ധ ഘട്ടം വരുമ്പോള്‍ പിന്നെ രക്ഷകന്‍ എന്ന മിറക്കിളില്‍ മാത്രമാവും ജീവിതം അതിന്റെ കച്ചി തുരുമ്പു തേടുന്നത്.

മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവി പ്രപഞ്ചത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം രസകരമാണ്.വികാരവിചാരങ്ങളുടെ മണ്ഡലങ്ങള്‍ മനുഷ്യന്റെ അത്ര വികസിക്കാത്തതു കൊണ്ടാവും മറ്റു ജീവജാലങ്ങള്‍ക്ക് ദൈവം ഒരു വലിയ ചിന്താവിഷയമാകാത്തത്.ജീവിച്ചിരിക്കാന്‍ വേണ്ടി ഭക്ഷിക്കുന്നു എന്നതില്‍ കവിഞ്ഞ് ജീവിതത്തില്‍ വലിയ ആനന്ദവും ആസക്തിയും ഇല്ലാത്തതു കൊണ്ട് അവയ്ക്ക് ഇഹലോകത്തോട് വലിയ മമതയോ പരലോകത്തെ കുറീച്ച് വലിയ ആശങ്കകളോ ഇല്ല.ബുദ്ധന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളാണ് ദുഖത്തിന്റെ ഹേതു.ദുഖങ്ങളില്ലെങ്കില്‍ പിന്നെ ദൈവചിന്ത കുറയും എന്ന് കുന്തീദേവി ശ്രീകൃഷ്ണനോട് മഹാഭാരതത്തില്‍ പറയുന്നു.അപ്പോള്‍ മനുഷ്യന്റെ ദുഖത്തിലാണ്, ആശങ്കയിലാണ് ദൈവത്തിന്റെ നിലനില്‍പ്പ്.ഒരു അപവാദമെന്ന പോല്‍ വലിയ സന്തോഷങ്ങള്‍ വരുമ്പോള്‍ ദുഖിതനാകുന്ന ഒരു സുഹൃത്തിനെ ഓര്‍മ്മ വരുന്നു.സുഖത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്തിന് ദുഖഭാവമെന്ന ചോദ്യത്തിന് ഈ സുഖം എക്കാലവും നില നില്‍ക്കുമോ എന്നോര്‍ത്താണ് താന്‍ ദുഖിക്കുന്നത് എന്നയാളുടെ മറുപടി.

ദൈവമെന്ന സങ്കല്‍പ്പം മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു.നല്ല ഒരു അളവു വരെ ധര്‍മ്മം നിലനില്‍ക്കാനുള്ള ഹേതു ദൈവസങ്കല്‍പ്പമാണ്.അതു കൊണ്ട് ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ധാര്‍മ്മികത ഇല്ല എന്ന് വിവക്ഷയില്ല.നിഷ്ക്കാമധര്‍മ്മികളായ അത്തരക്കാര്‍ ദൈവത്തെ ഭയന്ന് ധാര്‍മ്മികത പുലര്‍ത്തുന്നവരേക്കാള്‍ ഒരു പടി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.പക്ഷെ നിയമങ്ങളെ ഭയന്ന് ധര്‍മ്മം പുലര്‍ത്തുന്നവരെക്കാള്‍ അധികമാളുകള്‍ എല്ലാം കണ്ടു കൊണ്ട് ഒരാള്‍ എവിടെയോ ഇരിക്കുന്നു എന്ന ഓഡിറ്റ് ഫിയര്‍ കൊണ്ട് ധര്‍മ്മം പുലര്‍ത്തുന്നു എന്നത് ഒരു സത്യം മാത്രമാണ്.വിപണിയുടെ പ്രലോഭനങ്ങള്‍ അത്തരക്കാരുടെ എണ്ണം കാലക്രമേണെ കുറച്ചേക്കാം.എങ്കിലും ധര്‍മ്മസംസ്ഥാപനത്തില്‍ ദൈവമെന്ന സങ്കല്‍പ്പം അനന്യമായ പങ്ക് വഹിക്കുന്നു.ദൈവമെന്ന സങ്കല്‍പ്പം എന്ന് മനപ്പൂര്‍വ്വം പ്രയോഗിച്ചതാണ്.കാരണം സങ്കല്‍പ്പത്തിനപ്പുറം സത്യമെന്തെന്ന് ഉണ്ടെന്ന് പറയുന്നവര്‍ക്കുമറിയില്ല,ഇല്ലെന്നു പറയുന്നവര്‍ക്കും അറിയില്ല.ഒരുപക്ഷെ നമ്മുടെ ഈ അജ്ഞതയുടെ പ്ലാസന്റായ്ക്കുള്ളില്‍ ലോകാവസാനം വരെ ദൈവം സുരക്ഷിതനായിരിക്കും.

ദൈവമെന്ന ആന്റി-എസ്റ്റാബ്ലിഷ്മെന്റിന് ഒട്ടും ചേരാത്തതാണ് ദൈവത്തെ പോറ്റുന്ന മതം എന്ന എസ്റ്റാബ്ലിഷ്മെന്റ്.അവനവന്റെ ദൈവത്തെ കണ്ടെത്താനുള്ള ഓരോ വ്യക്തിയുടെയും ജീവിതലക്‍ഷ്യത്തെ മതം അട്ടിമറിക്കുന്നു.എന്നിട്ട് തങ്ങളുടെ എസ്റ്റാബ്ലിഷ്മെന്റിന് അനുയോജ്യമായ വിധത്തില്‍ അവന്റെ മനോനിലയെയും ചിന്താപദ്ധതിയെയും മതം അപനിര്‍മ്മിക്കുന്നു.evolution എന്ന വാക്കിനെ മതം എതിര്‍ക്കുന്നു.സൃഷ്ടി സമഗ്രമായിരുന്നു എന്ന് മതം വൃഥാ പറഞ്ഞുകൊണ്ടേയിരിക്കുന്നു.ഭാഷയും ശാസ്ത്രവും പ്രപഞ്ചവും ചുറ്റുപാടുകളും പരിണമിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.എങ്കിലും പഴകി ദ്രവിച്ച സൃഷ്ടിയുടെ സമ്പൂര്‍ണ്ണത എന്ന വാദം നമുക്കിടയില്‍ മതം ഇന്നും വിജയകരമായി വിറ്റു കൊണ്ടിരിക്കുന്നു.

മതങ്ങള്‍ ഏറ്റവും അധികം എതിര്‍ക്കുന്നതും ഭയക്കുന്നതും തങ്ങള്‍ക്കുള്ളിലെ പരിണാമത്തെയാണ്.ആധുനികതയുടെ എല്ലാ നേട്ടങ്ങളെയും ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച് അവര്‍ ശാസ്ത്രത്തെയും ആധുനികതയെയും എതിര്‍ക്കുന്നു.മൈക്രോഫോണ്‍ മുതല്‍ ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഭൌതികശാസ്ത്രത്തിന്റെ എല്ലാ സങ്കേതങ്ങളും അവര്‍ മതത്തിന്റെ മൌലികവാദം പരത്താന്‍ ഉപയോഗിക്കുന്നു.ഇവരില്‍ വിഷം മുറ്റിയവര്‍ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളായ AK 47 മുതല്‍ RDX വരെ ഉപയോഗിച്ച് തങ്ങളുടെ മതത്തിന്റെ അധീശത്വം ഉറപ്പിക്കുന്നു.

ദൈവം എന്ന മിത്തിന് മതങ്ങളുടെ സംരക്ഷണം ആവശ്യമായിരിക്കാം.പക്ഷെ ദൈവം എന്ന റിയാലിറ്റിക്ക് അത്തരം ഒരു സംരക്ഷണം ആവശ്യമോ.ശുദ്ധമാനസനായ നമ്മുടെ മുന്‍ മുഖ്യമന്ത്രി ചോദിച്ചത് പോലെ ഭഗവാനെന്തിനാ പാറാവ്.

യുക്തിയും ബുദ്ധിയും ബോധവും കൊണ്ട് നന്മയില്‍ അധിഷ്ഠിതമായ അവനവന്റെ ദൈവത്തെ ഓരോ വ്യക്തിയും കണ്ടെത്തുകയാണ് വേണ്ടത്.അപ്പോഴാണ് ജീവിതത്തിന്റെ യാത്രക്ക് അര്‍ത്ഥങ്ങളുണ്ടാകുന്നത്.സത്യവും മിഥ്യയും വീരസ്യവും ഇഴകലര്‍ത്തിയ പഴമ്പുരാണങ്ങളുടെ അടിസ്ഥാനത്തിലല്ല,മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ ഉരകല്ലിലാവണം വിശ്വാസങ്ങളെ പരീക്ഷിക്കേണ്ടത്.ആത്മീയത ആത്മനിഷ്ഠമാവണം,അത് പരപ്രേരണയാല്‍ ഉളവായതാകരുത്.

മതം ആചാരനിബദ്ധമാണ്.ആചാരം മനുഷ്യനെ അസ്വതന്ത്രനാക്കുന്നു.ആചാരങ്ങള്‍ പ്രദര്‍ശനത്തിനുള്ളതാണ്.സ്വയം അത് പാലിക്കുന്നുണ്ട്ന്നും മറ്റൊരുവന്‍ അത് ചെയ്യുന്നില്ല എന്നും പ്രദര്‍ശിപ്പിക്കാനുള്ള ഒരു അഭ്യാസം.അത് കൊണ്ടാണ് മതപരമായ ചിഹ്നങ്ങള്‍ക്ക് അവ ഒരിക്കലും അര്‍ഹിക്കാത്ത പരിശുദ്ധി കൈവരുന്നത്.കൊടികളും അടയാളങ്ങളും മാത്രമേ അവശേഷിക്കുന്നുള്ളൂ.അവയ്ക്ക് ഹേതുവായ ആദര്‍ശങ്ങളെ അനുയായികള്‍ തന്നെ എന്നേ കുഴിച്ചു മൂടി.

ദൈവമെന്ന ഒന്ന് ഉണ്ടെങ്കില്‍ അത് ആചാരങ്ങളെക്കാള്‍ വളരെ മുകളില്‍ ഉള്ള ഒന്നാവണം.തന്നിലേക്കുള്ള വഴി ഒന്നായി മാത്രം ചുരുക്കുന്ന ഒരു സങ്കുചിതനാവില്ല അദ്ദേഹം.തന്റെ സന്ദേശം ഒരു വിഭാഗത്തിനായി ചുരുക്കുന്ന ഒരു ഗ്രൂപ്പ് നേതാവാകില്ല അദ്ദേഹം.തന്റെ സന്ദേശം ഒരു ഭാഷയില്‍ മാത്രം എഴുതുന്ന ഒരു ഭാഷാഭ്രാന്തനുമാകില്ല അദ്ദേഹം.ദൈവത്തിലേക്ക് അല്ലെങ്കില്‍ നന്മയിലേക്ക് പലവഴി ഉണ്ടെന്ന് അംഗീകരിക്കുകയാണ് മൌലികവാദത്തില്‍ നിന്നു രക്ഷപെടാനുള്ള ഒന്നാം പാഠം.ആ വഴിയില്‍ ഭൌതികവാദവും നിരീശരത്വവും വരെ ഉണ്ടായേക്കാം.ആത്യന്തികമായി നന്മയാണവര്‍ ആഗ്രഹിക്കുന്നതെങ്കില്‍,അത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണം.അസഹിഷ്ണുതയാണ് ഈ കാലത്തെ ഏറ്റവും വലിയ ദൈവദോഷം.ഈ ബഹുസരത ദൈവം സൃഷ്ടിച്ചതാണെങ്കില്‍,അത് അംഗീകരിക്കാന്‍ വിശ്വാസികള്‍ തയാറാകണം.