Thursday, June 14, 2007

ഗീബത്സിന്റെ കുഞ്ഞുങ്ങളും ക്രൂശിതമായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചീത്തപ്പേര്‍ കേള്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വം പാര്‍ട്ടികളില്‍ ഒന്നാണ് സി.പി.ഐ.ആകെകൂടിയുള്ള ഒരു മുണ്ട് ഉണങ്ങുവാന്‍ അത് അലക്കിയിട്ട് നിക്കറുമിട്ട് ഹോട്ടല്‍ മുറിയില്‍ ഉലാത്തുന്ന സി.രാജേശ്വരറാവു ആ പാര്‍ട്ടി ഭൌതിക ദാരിദ്ര്യത്തിലും പുലര്‍ത്തിയിരുന്ന ആത്മീയമായ ഔന്നത്യത്തെ മനസ്സിലാക്കി തരുന്നു.എം.എന്‍ സ്മാരകം എന്ന പാര്‍ട്ടിയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഒന്ന് ചെന്ന് നോക്കിയാലും ഈ ദാരിദ്യത്തിന്റെ അപൂര്‍വ്വകാന്തി കാണാം.ഒരു പഴയ മേശ.മൂന്നു നാല് പഴയ കസേരകള്‍.പഴകിയ മേശവിരി.ഏത് നേരവും തുറന്ന് കിടക്കുന്ന മറയ്ക്കാനൊന്നുമില്ലാത്ത സെക്രട്ടറിയുടെ മുറി.മറ്റ് പല പാര്‍ട്ടികളുടെയും കൊട്ടാരസമാനമായ ഓഫീസുകളും ഈ കണ്ണുകള്‍ കണ്ടിരിക്കുന്നു.

ഈ പാര്‍ട്ടിയാണ് ഇന്ന് ആരോപണങ്ങളാല്‍ ശരവ്യമായി നില്‍ക്കുന്നത്.ഈ അവസ്ഥ വളരെ ദുഖമുണ്ടാക്കി.മറ്റൊരു പാര്‍ട്ടി കൂടി അഴിമതിയുടെയും സ്വജനപക്ഷപാതത്തീന്റെയും ചെളിക്കുണ്ടില്‍ വീണു എന്നതിനര്‍ത്ഥം ഇന്ത്യന്‍ പോളിറ്റി അത്രയും കൂടി അധപതിച്ചു എന്ന് കൂടിയാണ്.പാര്‍ട്ടിയോടുള്ള അനുഭാവം കൊണ്ട് മാത്രമല്ല കൂടുതല്‍ സൂക്ഷ്മമായി പത്രവാര്‍ത്തകളെ പിന്തുടര്‍ന്നപ്പോള്‍ പലതും ഗോസിപ്പ് സ്വഭാവത്തിലുള്ളതാണെന്നും പത്രങ്ങള്‍ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നില്ലെന്നും ആടി കളിക്കുന്നുവെന്നും തോന്നിയത് കൊണ്ടാണ് ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയണമെന്ന് തോന്നിയത്.കൂടുതല്‍ പഠിച്ചപ്പോള്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് മാത്രമല്ല കരുതി കൂട്ടി പ്രചരിപ്പിക്കുന്നതാണ് എന്ന് മനസ്സിലായി.നല്ല തിളക്കമുള്ള ഒരു കാര്‍ കാണുമ്പോള്‍ അതില്‍ താക്കോല്‍ കൊണ്ട്
വരയുന്ന മലയാളിയുടെ വികൃതമനസ്സാണ് സി.പി.ഐയെ ചെളി വാ‍രി എറിഞ്ഞ് രസിക്കുന്ന മാധ്യമങ്ങള്‍ക്കുള്ളതെന്നാണ് തോന്നുന്നത്.ദാ നോക്ക് അവനും നമ്മളെ പോലെ കള്ളന്‍ തന്നെ എന്ന് പറയുമ്പോള്‍ ഒരു ഗൂഡമായ ആനന്ദം അനുഭവിക്കുന്നത് പോലെ.

ആരും എഴുതാത്ത സത്യം
---------------------------------

സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനെ കുറിച്ചുള്ള സത്യം എന്താണ്?

1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേത്.പിന്നീട് 1959‍ അത് 19000 രൂപ കൊടുത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വാങ്ങി(അന്ന് എം.എന്‍ ആണ് സെക്രട്ടറി).ആ ആധാരത്തില്‍ ഏഴര സെന്റ് സ്വന്തം സ്ഥലവും ബാക്കി 4 സെന്റ് വിരിവുമായിരുന്നു.ആ വസ്തുത ആധാരത്തില്‍ പറയുന്നുമുണ്ട്.സ്വന്തം ഭൂമിയോട് ചേര്‍ന്നുള്ള റെവന്യൂ ഭൂമി കൈവശം വെച്ച് ആദായമെടുത്ത് അനുഭവിക്കുന്ന ഭൂമിയെയാണ് വിരിവ് എന്ന് പറയുന്നത്ത്(കൃത്യം ലീഗല്‍ വ്യഖ്യാനം നിയമവിദഗ്ദ്ധര്‍ പറയട്ടെ)
പാര്‍ട്ടി അവിടെ കെട്ടിടം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്നത്തെ എന്‍.സി.പി നേതാവുമായ കുപ്പുസ്വാമി കെ.ഡി.എച്.നിയമത്തിന് വിരുദ്ധമാണ് കെട്ടിടനിര്‍മ്മാണം എന്ന് പറഞ്ഞ് സെഷന്‍സ് ജില്ല ഹൈക്കോടതി വരെ കേസിന് പോയി.കേസ് ചെലവ് സഹിതം തള്ളുകയും ഏഴര സെന്റ് സി.പി.ഐയുടെ സ്വന്തം സ്ഥലമാണെന്നും അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ഒക്കെ ഉടമകളുടെ ഇഷ്ടമാണെന്നും അടിവരയിട്ട് വിധിക്കുകയും ചെയ്തു.

രവീന്ദ്രന്‍ പട്ടയം
-----------
1996ലെ സര്‍ക്കാര്‍ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാന്‍ തീരുമാനിക്കുന്നു.ഒരു സെന്റ് സ്ഥലത്തിനെങ്കിലും ആധാരമോ പട്ടയമോ കൈവശരേഖയോ ഉള്ളവര്‍ക്കാണ് വീട്.പക്ഷെ സ്വന്തമായി ഇങ്ങനെ ഒരു ഭൂമി ഇങ്ങനെ പലര്‍ക്കുമില്ലെന്ന സത്യം മനസ്സിലായത് ഇതിന് ചിലവാക്കിയ ഫണ്ട് ലാപ്സായപ്പോഴോ അനര്‍ഹര്‍ക്ക് വീതം വെക്കേണ്ടി വന്നപ്പോഴോ ആണ്.അന്ന് ഭൂമി ഇല്ലാത്ത പരമാവധി ആളുകള്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാന്‍ വി.എസ്.അച്ചുതാനന്ദന്‍ കണ്‍വീനര്‍ ആയ ഇടതുമുന്നണി തീരുമാനിച്ചു.ലക്ഷകണക്കിന് ആളുകള്‍ അതിന്‍ പ്രകാരം ഭൂമിക്ക് ഉടയവരായി.വെറുതേ വഴിയേ പോയവര്‍ക്കെല്ലാം ഭൂമി നല്‍കുക ആയിരുന്നില്ല.മറിച്ച് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ല കക്ഷികളെയും ചേര്‍ത്ത് ഒരു ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി ഉണ്ടാക്കി.അവരുടെ ശിപാര്‍ശ അനുസരിച്ചാണ് പട്ടയം നല്‍കിയത്.

ഇങ്ങനെ പട്ടയം നല്‍കാനുള്ള അധികാരം തഹസില്‍ദാറിലാണ് നിക്ഷിപ്ത്മായിരുന്നത്.മൂന്നറടങ്ങുന്ന ദേവികുളം താലൂക്കില്‍ അന്ന് തഹസില്ദാറില്ലായിരുന്നു.അന്നത്തെ ഇടുക്കി കലക്റ്റര്‍ ശ്രീ വി.ആര്‍.പത്മനാഭന്‍ ഒരു അസാധാരണ വിജ്ഞാപനം(എക്സ്റ്റ്രാ ഓര്‍ഡിനറി ഗസറ്റ്) വഴി അതിനുള്ള അധികാരം ഡെപ്യൂട്ടി തഹസില്‍ദാറിന് നല്‍കി.അതില്‍ സാങ്കേതിക പിഴവുണ്ടോ എന്ന് പറയാന്‍ ഗവണ്മെന്റിനോ കോടതിക്കോ മാത്രമേ അധികാരമുള്ളൂ

രവീന്ദ്രന്‍ പട്ടയവും സി.പി.ഐയുടെ ഭൂമിയും.
----------------------------------------

സി.പി.ഐക്ക് ഏഴര സെന്റ് സ്വന്തം ഭൂമിയും അതിനോട് അനുബന്ധമായി 4 സെന്റോളം വിരിവും ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.ഏഴര സെന്റ് അന്ന് സെക്രട്ടറി ആയിരുന്ന പി.കെ.വിയുടെ പേരിലേക്ക് നിയമാനുസ്രതം മാറ്റപ്പെട്ടിരുന്നു.ബാക്കി നാല് സെന്റ് വിരിവിന് പട്ടയം നേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സ്വാഭാവികമായി ഏഴര സെന്റിന്റെ ഉടമക്ക് മാത്രമേ വിരിവിന് പട്ടയം അപേക്ഷിക്കാന്‍ സാധിക്കൂ.അത് കൊണ്ട് മാത്രമാണ് അത് പി.കെ.വിയുടെ പേരില്‍ അപേക്ഷിക്കപ്പെട്ടത്.സ്വാഭാവികമായും ഏഴര സെന്റിന്റെ ഉടമസ്ഥതയെ കുറിച്ചുള്ള കോളത്തില്‍ മനോരമയില്‍ പറയുന്ന പോലെ പൂരിപ്പിച്ചിട്ടുണ്ടാവാം.ഒരു ഫോര്‍ജറി ആണ് ഉദ്ദേശമെങ്കില്‍ പളുങ്കു പോലെ പവിത്രനായ പി.കെ.വിയെ പാര്‍ട്ടി ഇതിലേക്ക് വലിച്ചിഴക്കുമെന്ന് ആരെങ്കിലും കരുതുന്നിണ്ടോ.ഒരു വെറും സാധാരണ നടപടി ക്രമത്തിനെ അസാധരണമാം വിധം പെരുപ്പിച്ച് കാട്ടിയും അസ്ഥാനത്ത് നിന്ന് ചില വിവരങ്ങള്‍ മാത്രം പ്രസദ്ധീകരിക്കുകയും ചെയ്തത് പി.കെ.വിയേയും പാര്‍ട്ടിയേയും ഒരു പോലെ കളങ്കപെടുത്താന്‍ മാത്രമാണ് മനോരമയും മറ്റ് മാധ്യമങ്ങളും ശ്രമിച്ചത്.മഹാനായ ആ വലിയ മനുഷ്യന്‍ മരിച്ചപ്പോള്‍ പൊഴിച്ചതെല്ലാം മുതലക്കണ്ണീറായിരുന്നു എന്ന് തെളിയിക്കുക്ക കൂടി ആയി മാധ്യമങ്ങള്‍.

എന്തായിരുന്നു മാധ്യമങ്ങളുടെ ഉദ്ദേശം
---------------------------------------
എന്നും മാധ്യമങ്ങളുടെ നല്ല പുസ്തകത്തിലുള്ള പാര്‍ട്ടിയാണ് സി.പി.ഐ.സ്വതവേ സൌമ്യരും മാധ്യമസുഹൃദം പുലര്‍ത്തുന്നവരും.പിന്നെ എന്തേ ഇത്തരത്തിലുള്ള ഒരു ആക്രമണം.

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ അമിതമായി ഫിക്ഷണലൈസ് ചെയ്യുന്നു.അവര്‍ നായക പ്രതിനായക ദ്വന്ദ്വത്തില്‍ വിശ്വസിക്കുന്നു.ഒരു പൈങ്കിളി വാരികയില്‍ നിന്ന് പത്രത്തിലേക്ക് പരിണാമം ചെയ്ത മംഗളം പോലുള്ള പത്രങ്ങള്‍ പ്രത്യേകിച്ചു.അവരെ സംബന്ധിച്ച് നായകന്‍ ആരുമാവം,വി.എസ്സാകാം, സുരേഷ്കുമാറാകാം,മറ്റാരെങ്കിലുമാകം,പക്ഷെ ദ്വന്ദ്വത്തിലെ വില്ലന്‍ ആരെന്നത് അനുസരിച്ചിരിക്കും കഥഗതിയുടെ കൊഴുപ്പ്.ഏറെ നാളായി ഈ ദ്വന്ദ്വം വി.എസ്-പിണറായി ആയിരുന്നു.ഇന്ന് ആ കഥകള്‍ ക്ലീഷേ ആയിരിക്കുന്നു.ജനം മടുത്ത് തുടങ്ങിയിരുക്കുന്നു.വില്ലനായിരുന്ന രാജന്‍പി.ദേവും ജനാര്‍ദ്ദനനും മോഹന്‍ലാലും ഒക്കെ പ്രേക്ഷകസിമ്പതി നേടീ പോസിറ്റീവ് കഥാപാത്രങ്ങളായി മാറിയ പോലെ പിണറായിയും ജനമനസ്സില്‍ പരിണമിക്കുന്നു.
കഥയില്‍ പുതിയ വില്ലന്‍ വേണം.എങ്കിലെ എരിവോടെ ജനം വായിക്കൂ,റ്റി.വി.കാണൂ.അതിനായി മാധ്യമങ്ങള്‍ സൃഷ്ടിച്ച പുതിയ വില്ലന്മാരാണ് ഇസ്മയിലും സി.പി.ഐയും.

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും
-----------------------------------

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും പൊളിക്കേണ്ട എന്ന ഉത്തരവിന് പിന്നില്‍ സി.പി.ഐ ആണത്രേ.ശരിക്കും ഇങ്ങനെ ഒരു ഉത്തരവിന്റെ ആവശ്യം സി.പി.ഐക്ക് ഇല്ല.കാരണം സ്വന്തം ഭൂമിയിലാണ് പാര്‍ട്ടി ഓഫീസ് നില്‍ക്കുന്നത് എന്ന് ഹൈക്കോടതി വിധി ഉള്ള കാലത്തോളം സുരേഷ് കുമാറിന് അത് തൊടാനാവില്ല.സി.പിഐക്ക് പട്ടയം കിട്ടിയ നാല് സെന്റിലല്ല പാര്‍ട്ടി ഓഫീസ്.അത് അവിടെ വെറുതേ കിടപ്പുണ്ട്.എന്നാല്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും പട്ടയഭൂമിയിലാണ്.സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിന്റെ പോര്‍ട്ടിക്കോ പൊളിക്കാന്‍ കാരണം അത് ദേശീയ പാതയോട് നിശ്ചിത ദൂരം പാലിച്ചില്ല എന്നതിനാലാണ്.സി.പി.ഐയുടെ ഓഫീസ് തൊടുമ്പോള്‍ പ്രതിഷേധമുണ്ടാവും എന്നും അതിന്റെ മറവില്‍ സി.പി.എം ഓഫീസ് രക്ഷിച്ചെടുക്കാം എന്നും സുരേഷ്കുമാറും മുഖ്യമന്ത്രിയും കരുതി എന്നതാണ് വാസ്തവം.അതിനാലാണ് ഇപ്പോള്‍ ആരാധനാലയങ്ങളെയും പാര്‍ട്ടി ഓഫീസിനെയും തൊടണ്ട എന്ന് മുഖ്യന്‍ പറയുന്നത്.ഇനി തൊടാന്‍ പറഞ്ഞാലും അത് സി.പി.ഐയെ ബാധിക്കില്ല.കാരണം ആ ഓഫീസ് സ്വന്തം ഭൂമിയിലാണെന്നത് തന്നെ കാരണം

Saturday, June 09, 2007

കണ്ണു കെട്ടിയ ജെ.സി.ബി.

ചേരികള്‍ ഇടിച്ച് നിരത്തുന്ന,അനേകം തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്ന ഒരു ജുറാസിക്ക് യന്ത്രമയിരുന്നു ജെ.സി.ബി കഴിഞ്ഞ കുറച്ച് നാള്‍ മുന്‍പ് വരെ.അതിന് ജനകീയ മുഖം നല്‍കിയത് നമ്മുടെ ജനകീയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ നിറം നിര്‍ണ്ണയിക്കപ്പെടാത്ത 3 പൂച്ചകളും ആയിരുന്നു.ആദ്യമാദ്യം തോന്നിയ രസം പൊളിക്കല്‍ മുന്നോട്ട് പോകും തോറും ഒരു ഭീതിയായ് വളര്‍ന്നു.ചെറുകിടക്കാരെയും പാവങ്ങളെയും ഒഴിവാക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലവുരു പറഞ്ഞുവെങ്കിലും ആരെങ്കിലും അത്തരത്തിലുള്ളവര്‍ ഇതില്‍ പെട്ട് പോയാല്‍ എന്തായിരിക്കും അവസ്ഥ.

ഇരമ്പുന്ന ജനകീയഘോഷം,ശക്തമായ മാധ്യമ പിന്തുണ,ലൈവ് വീഡിയോ കവറേജ്;സെക്രട്ടറിയേറ്റിന്റെ ഇരുണ്ട ഗുഹകളില്‍ മന്ത്രിമാര്‍ക്ക് ചരമോപചാരം എഴുതി കൊടുത്തും പൊതുജനത്തോട് നിഴല്‍ യുദ്ധം നടത്തിയും നിര്‍വൃതി കൊള്ളുന്ന ബ്യൂറോക്രാറ്റ് സിംഹത്തിന് മെഗലോമാനിയ (കട:രണ്‍ജി പണിക്കര്‍)പിടിപെടാന്‍ ഇതില്‍ പരം എന്ത് വേണം.പോരാഞ്ഞ് പൈങ്കിളീ പെണ്മാസികകളില്‍ വീരനായക പദവി.I am the state, atleast in Munnar; എന്ന് മാന്യദേഹത്തിന് സന്ദേഹം തോന്നിയില്ലെങ്കിലേ അല്‍ഭുതം.

മുഖ്യമന്ത്രിക്ക് പരമസന്തോഷം.ഭരണത്തിലെ പോരായ്മകള്‍ ജനം മറന്നു.ഏഡിബി ട്രപ്പീസിലെ മലക്കം മറിച്ചിലും നടുവടിച്ചുള്ള വീഴ്ച്ചയും വീണത് വിദ്യയാക്കിയുള്ള നടപ്പും ജനം മറന്നു.പാര്‍ട്ടി പിണറായി കൊണ്ടു പോയപ്പോള്‍ സമസ്തവും നഷ്ടപ്പെട്ട അവസ്ഥയല്ല ഇന്ന്.പുതിയ ഒരു പോര്‍മുഖം തുറക്കാന്‍ സാധിച്ചിരിക്കുന്നു.മകന് ചെയ്ത് കൊടുത്ത ചെറിയ സഹായമുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പരിക്കില്ലാതെ മുന്നോട്ട് വരാന്‍ സാധിച്ചിരിക്കുന്നു.

ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

1999ല്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍.ആ പട്ടയത്തെ രവീന്ദ്രന്‍ പട്ടയമെന്നാണ് വിളിക്കുന്നത്.അന്നത്തെ കലക്ടര്‍ വി.ആര്‍.പത്മനാഭന്‍ നല്‍കിയ സ്പെഷ്യല്‍ അധികാരമുപയോഗിച്ച ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന ശ്രീ രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങളെന്നറിയപ്പെട്ട 1999ലെ പട്ടയങ്ങള്‍.

അഡീഷണല്‍ തഹസില്‍ദാറിന് ചാര്‍ജ്ജ് നല്‍കിയതില്‍ അപാകതയുണ്ടോ എന്ന് നോക്കേണ്ടത് കോടതിയാണ്.പിന്നെ ആ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയും അതിന്റെ സര്‍ക്കാരും.അന്നത്തെ മുന്നണി കണ്‍വീനര്‍ ഇന്നത്തെ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ്.അന്നത്തെ മുന്നണിയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേകാധികാരവും വി.എസ്.തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ടോ ഈ പൂച്ചക്ക്? അന്നത്തെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെങ്കില്‍ അന്ന് മന്ത്രി ആയിരുന്ന ഇസ്മയിലിനെക്കാള്‍ ഉത്തരവാദിത്തം കണ്‍വീനറായിരുന്ന അങ്ങേയ്ക്കല്ലേ?

മേല്‍പ്പറഞ്ഞ പട്ടയപ്രകാരം 25 സെന്റ് കിട്ടിയിട്ടുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്.അവിടെ പാര്‍ട്ടി ഓഫീസും അതിനോട് ചേര്‍ന്ന് ഒരു ലോഡ്ജുമുണ്ട്.അല്ലയോ നീതിമാനായ മുഖ്യമന്ത്രി,അങ്ങയുടേ പൂച്ച പറയുന്നതെല്ലാം സത്യമാണെങ്കില്‍ ആ ജെ.സി.ബി ആകുന്ന അങ്ങയുടെ രഥം തെളിക്കേണ്ടത് ആ പാര്‍ട്ടി ഓഫീസിന്റെ നെഞ്ചത്തേക്കാണ്.ഇപ്പോള്‍ പൊളീറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടേ ഉള്ളൂ. അത് എന്നെന്നേക്കുമായുള്ള പുറത്താക്കലായി മാറ്റിയ്യെടുക്കാം.പിന്നെ ഫുള്‍ റ്റൈം ജനകീയനായി വേലിക്കകത്ത് വീട്ടിലിരിക്കാം.
ഇത്തിരി പുളീക്കും അല്ലേ... പിന്നെ അതിനല്ലേ ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഈഈഈഈഇ പാടൊക്കെ പെട്ട് ഈഈഈഈഈഈ കസേരയില്‍ കയറിയത് ...